ഷൊർണൂർ: റോഡിൽനിന്ന് ലഭിച്ച പണമടങ്ങിയ സഞ്ചി ഉടമയ്ക്കു തിരിച്ചുനൽകി യുവാവ്. കുളപ്പുള്ളി - കൈലിയാട് റോഡിൽനിന്നും ലഭിച്ച 16200 രൂപയും രേഖകളുമടങ്ങി സഞ്ചി തിരിച്ചുനൽകിയത് കുളപ്പുള്ളി സ്വദേശി റിനുറമാണ്. റോഡിനു നടുവിൽ നിന്നാണ് യുവാവിനു സഞ്ചി ലഭിച്ചത്. മാലിന്യം സഞ്ചിയിലാക്കി തള്ളിപ്പോയതാണെന്നാണ് ആദ്യം കരുതിയതെന്നു റിനുറാം പറയുന്നു.
മഴയായതുകൊണ്ട് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ റോഡിൽനിന്നു നീക്കംചെയാം എന്നുകരുതി എടുത്തുമാറ്റുന്നതിനിടയിലാണ് യുവാവ് സഞ്ചിയിൽ പേഴ്സ് ശ്രദ്ധിച്ചത്. ഏറെ സമയം റോഡിൽ കിടന്ന സഞ്ചിയിൽ ഭക്ഷണവും, വസ്ത്രങ്ങളും, മരുന്നുകളും , 16,200 രൂപയുമാണുണ്ടായിരുന്നത്. ഉടൻതന്നെ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. വെട്ടിക്കാട്ടിരി സ്വദേശിനി ആമിനുമ്മയുടെ സഞ്ചിയാണ് നഷ്ടപ്പെട്ടിരുന്നത്. ഇവരുടെ മകൻ ഷമീറിനു പോലിസ് സ്റ്റേഷനിൽവച്ച് പണവും സഞ്ചിയും കൈമാറി.